ഒരു ദിവസം




അയാൾ രാവിലെ എഴുന്നേറ്റു, ഉറക്കം ഒരു വിളിപ്പാടകലെ നിന്ന രാത്രിക്കു അവസാനം കുറിച്ചുകൊണ്ട്. രാത്രിയുടെ അന്ത്യയാമങ്ങളിൽ എപ്പോഴോ ആണ് ഉറങ്ങിയത്. ഒരു അശുഭസ്വപ്നത്തിന്റെ അവസാനമെന്നോണം ഇന്നലെ സെറ്റ് ചെയ്ത അലാറം അയാളെ ഉണർത്തിയെന്നു പറയുന്നതാകും ശരി. എന്നത്തേയും പോലെത്തെ മടി തോന്നിയില്ല. ഒരു പകലുറക്കത്തിന്റെ അസ്വസ്ഥത മാത്രം.

പല്ലു തേക്കുന്നതിനിടക്ക് ടീവി ഓണാക്കി. ഏതോ ഒരു തമിഴ് സിനിമാപ്പാട്ടാണ്, വളരെക്കുറച്ചു വസ്ത്രം മാത്രം ധരിച്ച ഒരു യുവതി തന്റെ കാമുകനോടൊപ്പം. ഒരു വിരക്തിയാണ് തോന്നിയത്, ഇതൊക്കെ സിനിമകളിലേ ഉള്ളു, യാഥാർഥ്യം ഒരുപാടകലെയാണ്. ചടപടേന്ന് കുളിയും കഴിച്, ഇന്നലത്തെ മുഷിവുള്ള വസ്ത്രവും ധരിച്ചിറങ്ങി. ഷിഫ്റ്റ് ബസ് പിടിക്കണം അല്ലെങ്കിൽ ഇന്നത്തെ ശമ്പളവും കുറയും, അതിനേക്കാൾ ഉപരി കൂടെയുള്ളവരുടെ ഇരുണ്ടമുഖങ്ങളും. എന്തോ, ഒരു താല്പര്യവും ഉണ്ടാകാറില്ല, ശിക്ഷ പോലെയാ തോന്നുക. രാവിലെ ഇറങ്ങുമ്പോൾ സൂര്യൻ ഉദിച്ചിട്ടുണ്ടാകില്ല. വൈകിട്ട് തളർന്ന ശരീരവും വലിച്ചിഴച്ചു എത്തുമ്പോഴേക്കും സൂര്യൻ തിരിച്ചു പടിഞ്ഞാറ് കഴിഞ്ഞിട്ടുണ്ടാകും.

ഓഫീസിൽ എത്തി. ഇപ്പോഴും പ്രകാശമില്ലാത്ത എലിയുടെ മണമുള്ള ഓഫീസ്. ചാരിയിട്ട വലിയ വാതിൽ തുറന്നകത്തു കയറി. ഭിത്തിയിലെ പഴയ സ്വിച്ചുകൾ തപ്പിക്കണ്ടുപിടിച്ചു. ഒന്നുരണ്ടുപ്രാവശ്യം മുകളിലേക്കും താഴേക്കും തള്ളുമ്പോൾ ഏതോകാലത്തെ ഫാനുകൾ കരകര ശബ്ദത്തോടെ കറങ്ങിത്തുടങ്ങി, മിന്നിമിന്നി ട്യൂബ് ലൈറ്റുകളും.

കസേരയിൽ വന്നിരുന്നു. മേശപ്പുറത്തു ഫയലുകളുടെ കൂമ്പാരം, ചുവപ്പും, പച്ചയും, മഞ്ഞയും നിറത്തിലുള്ള ഫയലുകൾ രണ്ടു സൈഡിലുമായി അടുക്കിവച്ചിരിക്കുന്നു. എന്തിനെന്നോ ആർക്കുവേണ്ടിയെന്നോ അറിയാതെ ചെയ്യുന്ന പണി.  പൊടിതുടച്ചു കഴിയുമ്പോൾ രണ്ടു നിറത്തിൽ കാണുന്ന വട്ടത്തിൽ ചായഗ്ലാസ്സിന്റെ പാടുകളുള്ള മേശയുടെ പുറകിലത്തെ വിരിഞ്ഞ കസേരയിൽ ഇരുന്നൊന്നു ഞെളിഞ്ഞു. കാലൊന്നുപോക്കി മേശയിൽ ഊന്നിയുള്ള ഇരുപ്പിനൊരു സുഖമുണ്ട്.

ആരോ നടന്നടുക്കുന്ന ശബ്ദം അയാളെ മയക്കത്തിൽനിന്നുണർത്തി. ഇനി തുടക്കമായി. ആർത്തലച്ചുവരുന്ന തിരമാല പോലെ ടൈപ്പ്റൈറ്റർ താളമിട്ടു തുടങ്ങി. ടൈപ്പ്റൈറ്ററിനു പിന്നിലെ പ്രായമായ യുവതിയുടെ ശരീര വടിവുകൾ ടൈപ്പ്റൈറ്ററും ഫയലുകളും പിന്നെ മേശയെ പൊതിഞ്ഞിരുന്ന ചിലന്തി വളകളും മറച്ചിരുന്നെങ്കിലും പലപ്പോഴും ഒരു ഉണർവ് തന്നിരുന്നു. ആളുകൾ എത്തിത്തുടങ്ങി ബാഗുകളും, ലഞ്ചിനുള്ള ഡബ്ബകളുമായി ചിലച്ചെത്തുന്ന വിയർപ്പു നാറുന്ന രൂപങ്ങൾ. ജോഷി എന്നും,പാട്ടീൽ എന്നും ദേശ്പാണ്ഡെ എന്നും വിവിധ നാമങ്ങൾ ഉള്ളവർ. തങ്ങളുടേതായ ദുഃഖങ്ങൾ പരസ്പരം പങ്കുവെച്ചു അതിൽ ആശ്വാസം കണ്ടെത്തുന്നു. വലിയ കുടവയർ ഉള്ളവരും പൂണുലിട്ടവരും എല്ലാം അതിലുണ്ട്. ശമ്പളം കിട്ടുന്ന ആഴ്ചയിലെ ആഘോഷങ്ങളിൽ മദ്യവും മാംസവും അകത്താക്കുമ്പോൾ പൂണൂൽ ഊരിവെക്കുന്ന ചിലർ, മറ്റുചിലരാകട്ടെ മദ്യം വെജിറ്റേറിയൻ ആണെന്നുവാദിക്കുന്നവരും.

ചായ കൊണ്ടുവരുന്ന ചെക്കന്റെ വിളികേട്ടു. അവനും പണി തീർത്തു പെട്ടെന്ന് പോകണം. ഒരു കെറ്റിലിൽ കൊണ്ടുവരുന്ന ചായ ഒരിഞ്ചു പൊക്കമുള്ള പ്ലാസ്റ്റിക് ഗ്ലാസിൽ പകുതി ഒഴിച്ച് തരും. ഒറ്റ കവിളില് തികയില്ല, ചെളിവെള്ളം ചുടാക്കി പഞ്ചസാരയും ഇട്ടു തന്നതാണോ എന്ന് തോന്നിപ്പോകും. വെറുതെ കിട്ടുന്നത് പാഴാക്കണ്ട എന്ന് കരുതിയോ, ഉച്ചവരെ പട്ടിണികിടക്കുന്നതിനേക്കാൾ നല്ലത് കിട്ടുന്നതെന്തെങ്കിലും ആകട്ടെ എന്ന് കരുതിയോ ചായ അകത്താക്കും. അപ്പോൾ കിട്ടുന്ന അഞ്ചുമിനിറ്റിൽ പലരും കളിയാക്കപ്പെടും, പരിഭവിക്കും. പ്രശ്നങ്ങൾ, വിലവർധന, രാഷ്ട്രീയ അസ്ഥിരത, കടം വാങ്ങലുകൾ, തിരിച്ചുവാങ്ങലുകൾ അങ്ങനെ പലതും.

എന്നത്തേയും പോലെ ഓടിത്തീരുന്ന സമയം. ഇടയ്ക്കിടെ ഫയലിന്റെ പൊടി മുക്കിൽ കയറുമ്പോൾ ഉള്ള തുമ്മൽ മാത്രം ഓഫീസിലെ ടൈപ്പ്റൈറ്ററിന്റെ താളത്തെ പിടിച്ചുകുലക്കും. ഉച്ചയൂണിന്റെ സമയം ആകുമ്പോഴേക്കും നെടുവീർപ്പുകളും ഞെളിപിരിയലുകളും കേൾക്കാൻ തുടങ്ങും. മണിമുഴക്കത്തിനൊപ്പോം കസേരകൾ നിരങ്ങുന്നതിന്റെ ശബ്ദവും ലഞ്ച് സമയമായതു വിളിച്ചറിയിക്കും. പിന്നെ ഒരോട്ടമാണ്, കൈ കഴുകുക എന്ന ഒരു സങ്കല്പം ഇവിടെ ഉണ്ടെന്നു തോന്നുകയില്ല, അത് കഴിക്കുന്നതിനു മുൻപേ ആയാലും ശേഷവും. മഞ്ഞ നിറത്തിൽ ഇളകിത്തൂറിയ പോലെ ദാലും ചപ്പാത്തിയും, പച്ചരി ചോറുമെല്ലാം അകത്താക്കിക്കഴിഞ്ഞാലും വിശപ്പുമാത്രം ബാക്കി. ക്ലോറിന്റെ മണമുള്ള വെള്ളമൊഴിച്ചു ജഢരാഗ്നി കെടുത്തി വീണും ഫയലുകളിടെ ആഴത്തിലേക്ക് ഊളിയിടും.

സുജിക്കാലുകൾ ഘടികാരത്തിൽ മൂന്നുമണി തിരയുമ്പോളേക്കും വീട്ടിലേക്കു കുത്തിക്കാനുള്ള വ്യഗ്രത ആളുകളിൽ കണ്ടു തുടങ്ങും. അത് വീട്ടിൽ എത്താനുള്ള തിടുക്കത്തിനേക്കാൾ മുഷിഞ്ഞ പണി അവസാനിക്കുന്നതിന്റെ സന്തോഷമാണ്. പത്രങ്ങൾ അടുക്കിയും, മേശ വൃത്തിയാക്കിയും അവർ അവസാന കൂകി വിളിക്കുവേണ്ടി കാത്തു. പറഞ്ഞതും പകുതി കേട്ടതും ആയ എല്ലാം അവിടത്തന്നെ കളഞ്ഞിട്ടു അവർ അന്നത്തെ അവസാന പണിയായ ടൈം ഔട്ട് റെജിറ്റർചെയ്തു. തിരക്കിട്ട റോഡിൽ വീർപ്പുമുട്ടലുകൾ ഇറക്കിവെച്ചു പല ദിശകളിലേക്ക് നടന്ന് നീങ്ങി. അയാൾ അപ്പോൾ വീട്ടിലേക്കു വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തപ്പി എടുത്തു കഴിഞ്ഞിരുന്നു.

Comments